കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം എന്നത് പൊതുജനങ്ങൾക്കായി ശാസ്ത്രം പരിചയപ്പെടുത്താനും, യുവാക്കളിൽ അന്വേഷണ ബോധവും ശാസ്ത്രീയ മനോഭാവവും വളർത്താനുമുള്ള സ്വയംഭരണ സ്ഥാപനമാണ്. മ്യൂസിയത്തിൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, പവർ & മോഷൻ മെക്കാനിക്‌സ് എന്നിവയുമായി ബന്ധപ്പെട്ട 300-ൽ അധികം ശാസ്ത്ര പ്രദർശിനികൾ നിലവിലുണ്ട്. പോപ്പുലർ സയൻസ്, ഗണിതശാസ്ത്രം, ഓട്ടോമൊബൈൽ, കമ്പ്യൂട്ടർ, റോബോട്ടിക്സ് മുതലായ ഗാലറികളും, പ്രിയദർശിനി പ്ലാനറ്റേറിയം, മൊബൈൽ ശാസ്ത്ര പ്രദർശന യൂണിറ്റ്, സയൻസ് പാർക്ക്, 3ഡി തിയേറ്റർ, എനർജി ബോൾ, മ്യൂസിക്കൽ വാട്ടർ ഫൗണ്ടൻ തുടങ്ങിയവയുണ്ട്. സമ്പന്നമായ ഒരു ലൈബ്രറിയും ഈ മ്യൂസിയത്തിന്റെ പ്രധാന ആകർഷണമാണ്.

                             സ്കൂൾ, കോളേജ്, യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം വളരെ ജനപ്രിയമാണ്. വിദ്യാർത്ഥികൾക്കായുള്ള ശാസ്ത്ര-സാങ്കേതിക ബോധവൽക്കരണ ക്ലാസ്സുകളും മ്യൂസിയം നിരന്തരം നടത്തിവരുന്നു. ഇത്തരം ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിലേക്കായി എഞ്ചിനീയറിങ്ങ്, ഗണിതശാസ്ത്രം, സിദ്ധാന്തശാസ്ത്രം, അപ്ലൈഡ് സയൻസ്, അസ്‌ട്രോണോമി, പരിസ്ഥിതി ശാസ്ത്രം തുടങ്ങിയ മേഖലകളിലുള്ള വിദഗ്ധരെ സംസ്ഥാനത്തിനുള്ളിൽ നിന്നും സംസ്ഥാനത്തിന് പുറത്തു നിന്നും വിളിക്കാറുണ്ട്.