കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം എല്ലാ വേനൽക്കാലത്തും സ്കൂൾ കുട്ടികൾക്കായി ശാസ്ത്ര ശിൽപശാലകൾ നടത്തുന്നു. ഇതിൽ പങ്കെടുക്കുന്നതിനായുള്ള അപേക്ഷകൾ സാധാരണയായി മാർച്ചിൽ സ്വീകരിക്കുകയും ഏപ്രിൽ, മെയ് മാസങ്ങളിൽ ക്ലാസുകൾ നടത്തി വരികയും ചെയ്യുന്നു. 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഏകദേശം 200 വിദ്യാർത്ഥികൾ ഈ പരിപാടിയിൽ പങ്കെടുക്കുന്നു.

വിശിഷ്ടരായ പ്രൊഫസർമാർ, വിഷയവിദഗ്ദ്ധർ, മ്യൂസിയം ഫാക്കൽറ്റികൾ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിനാൽ ശിൽപശാലയുടെ നിലവാരം മികച്ചതാണ്. ജ്യോതിശാസ്ത്രം, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ഗണിതം, പരിസ്ഥിതി ശാസ്ത്രം, കാർഷിക രീതികൾ, റോബോട്ടിക്സ്, ബഹിരാകാശ ശാസ്ത്രം എന്നിവയെക്കുറിച്ചുള്ള വിസ്മയങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടാൻ അവസരം ലഭിക്കും. ഇലക്ട്രോണിക് സർക്യൂട്ട് രൂപകൽപ്പന മുതൽ ടെലിസ്കോപ്പ് നിർമ്മാണവും ആകാശനിരീക്ഷണവും വരെയുള്ള പ്രായോഗിക പരിശീലനങ്ങൾ കുട്ടികൾക്കായി നടത്തുന്നു.

ഈ ശാസ്ത്ര ശിൽപശാല, ശാസ്ത്രത്തെയും ശാസ്ത്രജ്ഞരെയും കുറിച്ച് കുട്ടികൾക്ക് ഒരു ധാരണ നൽകാൻ മാത്രമല്ല ആത്യന്തികമായി അവരിൽ ഒരു ശാസ്ത്ര സംസ്കാരം വളർത്തിയെടുക്കാനും ലക്ഷ്യമിടുന്നു.