ശാസ്ത്രസാങ്കേതിക ഗാലറികള്‍
നിലവില്‍ മ്യൂസിയത്തില്‍ വിവിധ ശാസ്ത്രസാങ്കേതിക വിഭാഗങ്ങളിലായി പത്ത് ഗാലറികള്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഇലക്ട്രിക്കല്‍ ഗാലറി : വൈദ്യുതിയുടെ കണ്ടുപിടുത്തം മുതല്‍ ഇന്നോളമുള്ള വികാസചരിത്രം ഈ ഗാലറി അനാവൃതമാക്കുന്നു. വൈദ്യുതി മുഖേന പ്രവര്‍ത്തിക്കുന്ന വിവിധ ഉപകരണങ്ങള്‍, അവയുടെ പ്രവര്‍ത്തനം, ജനജീവിതത്തില്‍ അവ ചെലുത്തുന്ന സ്വാധീനം ഇവ ഇലക്ട്രിക്കല്‍ ഗാലറിയിലൂടെ അനായാസേന മനസ്സിലാക്കാന്‍ സാധിക്കുന്നു.
ഇലക്ട്രോണിക്സ് ഗാലറി : വാക്വം ട്യൂബ് മുതല്‍ അത്യന്താധുനിക ഇലക്ട്രോണിക് ഉപകരണങ്ങള്‍ വരെയുള്ള വികാസം മാതൃകകളുടെ സഹായത്തോടെ ഈ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇലക്ട്രോണിക്സിന്റെ അടിസ്ഥാനതത്വങ്ങള്‍ ലളിതമായി വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കാന്‍ ഈ ഗാലറി ഉപകരിക്കും.
പോപ്പുലര്‍ സയന്‍സ് ഗാലറി : നിത്യജീവിതത്തില്‍ സ്വാധീനം വ്യക്തമാക്കുന്ന ഈ ഗാലറി ശാസ്ത്രകൌതുകികള്ക്ക് മാത്രമല്ല, സാധാരണക്കാര്‍ക്കും ഹരം പകരും.
ഗണിത ഗാലറി : പ്രഹേളികളുടെ ഒരു വന്‍ ശേഖരമാണ് ഈ ഗാലറിയില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ഗണിതശാസ്ത്ര അധ്യയനത്തില്‍ ഒരു പുത്തന്‍ സമീപനം സ്വീകരിക്കാന്‍ സന്ദര്‍ശകരെ ഈ ഗാലറി സഹായിക്കും. പ്രദര്ശനവസ്തുക്കള്ക്കുപരി മസ്തിഷ്കത്തെ ഉത്തേജിപ്പിക്കുന്ന ക്രിയകള്‍ക്കാണ് ഇതില്‍ പ്രാധാന്യം.
മെക്കാനിക്കല്‍ ഗാലറി : മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന്റെ അടിസ്ഥാന തത്വങ്ങള്‍ ലളിതമായി ബോധ്യപ്പെടുത്തുന്നതിനു പുറമേ ബോയിലറുകളുടെ നിരവധി മാതൃകകളും ഇതില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നു.
ഓട്ടോമൊബൈല്‍ ഗാലറി : വാഹനങ്ങളുടെയും അവയുടെ എന്ഞ്ചിന്റേയും സങ്കീര്‍ണ്ണ പ്രവര്‍ത്തനം സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ അതീവ ലളിതമായി വിവിധ മോഡലുകളുടെ സഹായത്തോടെ ഈ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
ബയോമെഡിക്കല്‍ ഗാലറി : സന്ദര്‍ശകരോട് നേരിട്ട് സംവദിക്കുന്ന അനേകം മോഡലുകള്‍ ഈ ഗാലറിയില്‍ കാണാം. ആധുനിക ആശുപത്രിയില്‍ ലഭ്യമായ മിക്കവാറും എല്ലാ ഉപകരണങ്ങളുടേയും പ്രവര്‍ത്തനം അനിമേഷനുകളുടേയും മറ്റും സഹായത്തോടെ ബോധ്യപ്പെടാം.
കമ്പ്യൂട്ടര്‍ ഗാലറി : അബാക്കസ് മുതല്‍ ഇന്നത്തെ ആധുനിക കമ്പ്യൂട്ടര്‍ വരെയുള്ള വികാസചരിത്രത്തിനാണ് ഇതില്‍ പ്രാധാന്യം കൊടുത്തിട്ടുള്ളത്. കാലവും സാങ്കേതികവിദ്യയും കമ്പ്യൂട്ടറുകളുടെ രൂപ-വേഗ പ്രവര്‍ത്തനത്തില്‍ വരുത്തിയ വിസ്മയകരമായ മാറ്റം സന്ദര്‍ശകരെ അത്ഭുതപ്പെടുത്തും.
സൌരോര്‍ജ്ജ ഗാലറി : പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകളുടെ പ്രാധാന്യം വക്തമാക്കുകയാണ് ഈ ഗാലറിയുടെ ഉദ്ദേശ്യം.
ബഹിരാകാശ ഗാലറി : ബഹിരാകാശ ചരിത്രത്തിന്റെ സചിത്രവിവരണത്തോടൊപ്പം റോക്കറ്റ് എഞ്ചിനുകളുടെ വിവിധ മോഡലുകളും ഇതില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.