പ്രോഗ്രാമുകള്‍
അവധിക്കാല സയന്‍സ് വര്‍ക്ക്ഷോപ്പ്
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ വര്‍ഷവും മ്യൂസിയത്തില്‍ അവധിക്കാല ശാസ്ത്ര ക്യാമ്പുകളും വര്‍ക്ക്ഷോപ്പുകളും സംഘടിപ്പിച്ചു വരുന്നു. മാര്‍ച്ച് മാസം ആപ്ളിക്കേഷന്‍ സ്വീകരിച്ച് ഏപ്രില്‍, മെയ് മാസങ്ങളില്‍ ക്ളാസ്സുകള്‍ നടത്തുകയാണ് പതിവ്. വര്‍ഷം തോറും ഏകദേശം 200 വിദ്യാര്‍ത്ഥികള്‍ ഈ സൌകര്യം പ്രയോജനപ്പെടുത്തി വരുന്നു.
പ്രഗല്ഭരായ പ്രൊഫസര്‍മാരും വിഷയ വിദഗ്ധരും, ശാസ്ത്രജ്ഞരും മ്യൂസിയം അധ്യാപകരും നയിക്കുന്ന ക്ളാസുകള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവയാണ്. വാനശാസ്ത്രം, ഇലക്ട്രോണിക്സ്, ഗണിതശാസ്ത്രം, കൃഷി, തുടങ്ങി റോബോട്ടിക്സ്, ബഹിരാകാശ ശാസ്ത്രം എന്നിവയില്‍ വരെ ക്ളാസ്സുകള്‍ നടത്തി വരുന്നു. തീയറി ക്ളാസുകള്‍ക്ക് ശേഷമുള്ള പ്രവര്‍ത്തി പരിചയ ക്ളാസ്സുകള്‍ കുട്ടികളില്‍ ശാസ്ത്രത്തോട് ഉള്‍ക്കടമായ ആഭിമുഖ്യം വളര്‍ത്തുകയും ഒരു ശാസ്ത്രസംസ്കാരം തന്നെ അവരില്‍ രൂപപ്പെടുത്തുകയും ചെയ്യുന്നു.
ശാസ്ത്ര തത്വങ്ങള്‍ അറിയുന്നതിനുപരിയായി ശാസ്ത്രത്തെ അറിയുവാനും ശാസ്ത്രാന്വേഷണത്വര കുട്ടികളില്‍ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളാണ് ഈ പദ്ധതിയിലൂടെ മ്യൂസിയം നടത്തിവരുന്നത്.
സ്കൂള്‍ അഡോപ്ഷന്‍ പ്രോഗ്രാം
സയന്‍സ് ക്ളബ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ദിവസം മുഴുവന്‍ മ്യൂസിയത്തില്‍ ചിലവഴിക്കാനുള്ള അവസരമാണ് ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്. പ്ളാനറ്റേറിയ പ്രദര്‍ശനം, ഗാലറി സന്ദര്‍ശനം, 3ഡി പ്രദര്‍ശനം എന്നതിനു പുറമേ വിദഗ്ധരുടെ ക്ളാസ്സുകളും ശാസ്ത്രാധിഷ്ഠിത പ്രവര്‍ത്തിപരിചയ ക്ളാസ്സുകളും, ടെലിസ്കോപ്പ് നിര്‍മ്മാണ പരിശീലനവും ഈ പാക്കേജില്‍ ലഭ്യമാക്കിയിട്ടുണ്ട്. താല്‍പര്യമുള്ള വിദ്യാലയങ്ങള്‍ക്ക് മ്യൂസിയം അധികൃതരുമായി ബന്ധപ്പെടാം.